"എല്ലാം ഒരേ രീതിയില്‍ ഒരു സംഗീതസംവിധായകന്റെ സംഗീതത്തിലൂടെ വരുന്നുവെങ്കില്‍ അതിനര്‍ത്ഥം സ്വയം എന്തെങ്കിലും ക്രിയാത്മകമായി ചെയ്യാന്‍ കഴിവില്ലെന്നാണ്. ഒന്നിനെത്തന്നെ പിന്തുടരാതെ വ്യത്യസ്ഥത പുലര്‍ത്താന്‍ ശ്രമിക്കുന്നതാണ് സര്‍ഗാത്മകസൃഷ്ടി."

- രവീന്ദ്രന്‍ മാസ്റ്റര്‍


ഹൃദയഗീതങ്ങളുടെ ചക്രവര്‍ത്തി

മലയാളത്തിൽ പകരക്കാരനില്ലാത്ത സംഗീതജ്ഞനാണ് രവീന്ദ്രൻ മാസ്റ്റർ. ഗായകനാകാൻ അവസരം തേടി മദ്രാസിലെത്തിയ കുളത്തൂപ്പുഴ രവിയെന്ന രവീന്ദ്രൻ മാസ്റ്ററുടെ വിധി ഹൃദയങ്ങൾ കീഴടക്കുന്ന ഈണങ്ങൾ അണിയിച്ചൊരുക്കാനായിരുന്നു. കാലത്തിന് പരിക്കേല്‍പ്പിക്കാന്‍ കഴിയാത്ത ഗാനസൗധങ്ങള്‍ പടുത്തുയര്‍ത്തിയ സംഗീതസംവിധായകുടെ പാരമ്പര്യം നിലനിര്‍ത്തിയ അവസാന കണ്ണി. ആത്മാവിനെ വന്നുതൊടുന്നപാട്ടുകള്‍ ചിട്ടപെടുത്തുന്നതില്‍ അദ്ദേഹം വിജയിച്ചിരുന്നു. ഇളംകാറ്റുപോല്‍ തലോടിയും, നവ്യോന്മേഷത്തിന്റെ സ്പര്‍ശം പകര്‍ന്നും, സൂക്ഷ്മശ്രുതികളുടെ സംഗീതഭാവമാവിഷ്കരിച്ചും, പ്രണയത്തിന്റെയും കണ്ണീരിന്റെയും പ്രത്യാശയെയും കാത്തിരിപ്പിന്റെയുമെല്ലാം അകംപൊരുള്‍ പകര്‍ന്നു തരാനുള്ള കരുത്ത് രവീന്ദ്രസംഗീതത്തിനുണ്ട്. 1979ല്‍ ഇറങ്ങിയ ചൂള മുതല്‍ തന്‍റെ മരണശേഷം ഇറങ്ങിയ 'വടക്കുംനാഥന്‍' വരെ രണ്ടരപതിറ്റാണ്ട് ഈണങ്ങൾ കൊണ്ട് മാന്ത്രികം തീർക്കുകയായിരുന്നു രവീന്ദ്രൻ മാസ്റ്റര്‍. എത്രയോ മലയാളികളുടെ സ്വകാര്യനിമിഷങ്ങളെ ഇന്നും ധന്യമാക്കിക്കൊണ്ടിരിക്കുന്നു രവീന്ദ്രന്‍ മാസ്റ്റർ സൃഷ്ടിച്ച ഈണങ്ങള്‍.