സംഗീതജീവിതം

പാട്ടുകാരനാവാന്‍ മദിരാശിയില്‍

സംഗീത കോളേജ് പഠനത്തിനു ശേഷം കുളത്തൂപ്പുഴ രവിയായി ചലച്ചിത്രപിന്നണിഗാന സ്വപ്നങ്ങളുമായി മദിരാശിയില്‍ ചെന്നിറങ്ങിയത് അറുപതുകളുടെ അവസാനം. ദേവരാജന്‍ മാസ്റ്ററും ബാബുരാജ് മാഷും ദക്ഷിണാമൂര്‍ത്തി സ്വാമിയും രാഘവന്‍ മാസ്റ്ററും സംഗീതസംവിധായകരായി മലയാള സിനിമ ഭരിച്ചിരുന്ന കാലം. ആസ്ഥാന ഗായകനായി യേശുദാസ് നിലയുറപ്പിക്കുകയും ഭാവഗായകനായി ജയചന്ദ്രന്‍ ഉയര്‍ന്നുവരികയും ചെയ്തിരുന്ന സമയം. മ്യൂസിക് അക്കാദമിയിലെ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ അവസരങ്ങള്‍ തുറക്കുമെന്ന് കരുതി എല്ലാ പ്രഗല്‍ഭരുടെയും വാതിലുകള്‍ മുട്ടിയെങ്കിലും നിരാശയായിരുന്നു ഫലം. വേറെ വരുമാനമൊന്നുമില്ലാതെ അരപട്ടിണിയിലും മുഴുപട്ടിണിയിലുമായി ദിനങ്ങള്‍ നീങ്ങി. അതിര്‍ത്തിപ്രദേശത്താന് വീട് എന്നതിനാല്‍ അദ്ദേഹത്തിനു തമിഴ് നന്നായി എഴുതാനും വായിക്കാനും അറിയാമായിരുന്നു. ഒരു ദിവസം അദ്ദേഹം എസ്.വി.എസ് സഹസ്രനാമം നാടകകമ്പനിയില്‍ കയറിച്ചെന്നു എസ്.വി.എസ് സഹസ്രനാമത്തെ കണ്ടു. ഒരുപാട് നാടകങ്ങളുള്ള അവിടെ ആസ്ഥാനഗായകനായി നിയമിതനായി അത്യാവശ്യം സ്ഥിരവരുമാനം ആയി. താമസം സ്വാമീസ് ലോഡ്ജിലേക്ക് മാറ്റി. അവിടെ ജയന്‍, ജനാര്‍ദ്ധനന്‍, പി.ജയചന്ദ്രന്‍ തുടങ്ങിയവരൊക്കെ ഉണ്ടായിരുന്നു. ജയചന്ദ്രനും രവീന്ദ്രനും ഒരു മുറിയില്‍ ആയിരുന്നു താമസം.

ഒറ്റനോട്ടത്തില്‍
ആദ്യ ചിത്രം (ആലാപനം) : വെള്ളിയാഴ്ച്ച (1969)
ആദ്യ ചിത്രം (സംഗീതം) : ചൂള (1979)
ദേശീയപുരസ്കാരം : 1991ല്‍. (ചിത്രം: ഭരതം)
കേരള സംസ്ഥാനപുരസ്കാരം : 1991ല്‍. (ചിത്രം: ഭരതം)
2002ല്‍ (ചിത്രം: നന്ദനം)

തുണയായി സത്യന്‍ മാഷ്‌

ഒരിക്കല്‍ പ്രശസ്ത സംഗീത സംവിധായകന്‍ കെ.വി. മഹാദേവനെ കാണാന്‍ വീട്ടില്‍ ചെന്ന രവിയോട് കെ.വി.എമ്മിന്റെ അസിസ്റ്റന്റ്‌ ഒരു പാട്ടുപാടാന്‍ ആവശ്യപെടുകയും മുറ്റത്ത്‌ നിന്നുതന്നെ അദ്ദേഹം ഘനഗംഭീരമായ സ്വരത്തില്‍ ഒരു ഗാനം ആലപിക്കുകയും ചെയ്തു. ഇതിനിടയില്‍ കയറിവന്ന കെ.വി.എം ഒന്ന് അമ്പരക്കുകയും രവിയ്ക്ക് വീട്ടില്‍ കയറ്റി ഭക്ഷണം നല്‍കുകയും ചെയ്തു. അവിടുന്നിറങ്ങിയ രവിയെ തൊട്ടടുത്ത വീടുമുറ്റത്തു നിന്നും ഒരു കുറിയ മനുഷ്യന്‍ കൈകൊട്ടി വിളിച്ചു. അത് മറ്റാരുമായിരുന്നില്ല അതുല്യ നടന്‍ സത്യന്‍ മാഷായിരുന്നു. മുറ്റത്ത്‌ എണ്ണതേച്ച് നിന്ന സത്യന്‍ മാഷ്‌ രവിയുടെ ഗാനം കേള്‍ക്കാന്‍ ഇടവന്നതായിരുന്നു. മദിരാശിയില്‍ വന്നു അവസരത്തിന് വേണ്ടി ഗതിയില്ലാതെ അലയുന്ന കഥ കേട്ട് മനസലിഞ്ഞ സത്യന്‍ മാഷ്‌ തന്റെ സഹോദരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അവസരത്തിനായി ശുപാര്‍ശ ചെയ്യാമെന്നു ഉറപ്പുനല്‍കുകയും ചെയ്തു. അങ്ങനെ 1969ല്‍ വെള്ളിയാഴ്ച എന്ന ചിത്രത്തിലൂടെ ബാബുരാജ് മാഷിന്റെ സംഗീതത്തില്‍ എസ് ജാനകിയമ്മയോടൊപ്പം "പാര്‍വണരജനിതന്‍.." എന്ന ഗാനം ആലപിച്ചു പിന്നണിഗായകനായി അരങ്ങേറി.

സത്യനും എം.എസ്. ബാബുരാജും

രവികുമാര്‍ & മധു

പാട്ടില്‍നിന്നും ഡബ്ബിങ്ങിലേക്ക്

പിന്നീട് ദേവരാജന്‍ മാസ്റ്ററുടെയടക്കം കുറെ ഗാനങ്ങള്‍ ആലപിച്ചെങ്കിലും ഒന്നും തന്നെ ശ്രദ്ധിക്കപെട്ടില്ല. ക്രമേണ അവസരങ്ങള്‍ കുറഞ്ഞുവന്നു. ആലാപനം തനിക്ക് പറ്റുന്ന പണിയല്ലെന്ന് ക്രമേണ തോന്നിത്തുടങ്ങി. അതിജീവതത്തിനായി ഡബ്ബിംഗ് മേഖലയിലേക്ക് തിരിഞ്ഞു. തിരിവനന്തപുരത്തു വെച്ചുതന്നെ പ്രശസ്ത നടനും നിര്‍മ്മാതാവുമായ മധുവുമായി ഉണ്ടായിരുന്ന അടുപ്പം ഡബ്ബിംഗ് മേഖലയില്‍ അവസരം തുറക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. അന്നത്തെ പ്രശസ്ത നടന്‍ രവികുമാറി വേണ്ടി അദ്ദേഹം തുടര്‍ച്ചയായി ചിത്രങ്ങള്‍ ഡബ്ബ് ചെയ്തു. പക്ഷെ രവികുമാറിന് അവസരങ്ങള്‍ കുറഞ്ഞത്‌ അദ്ദേഹത്തെയും ബാധിച്ചു. ഇതിനിടയില്‍ ചില നാടകസമിതികളില്‍ ഗായകനായും മറ്റും പ്രവര്‍ത്തിച്ചു.


യേശുദാസിന്റെ ശുപാര്‍ശയില്‍ സംഗീത സംവിധാനം.

യേശുദാസുമായി സംഗീത അക്കാദമിയില്‍ തുടങ്ങിയ സൗഹൃദം എന്നും നിലനിര്‍ത്തിപോന്നിരുന്നു രവി. ദാസേട്ടന്റെ റെക്കോര്‍ഡിംഗ് വേളയിലും ഗാനമേളകളിലും അനുഗമിച്ചിരുന്ന അദ്ദേഹം വീട്ടിലെയും നിത്യസന്ദര്‍ശകന്‍ ആയിരുന്നു. ദാസേട്ടന് ഗാനമേളകളില്‍ ആലപിക്കുവനായി ചില ഹാസ്യഗാനങ്ങള്‍ എഴുതിചിട്ടപെടുത്തി നല്‍കിയിരുന്നു രവി. അലക്ഷ്യമായി ഈണമിട്ടവയെങ്കിലും അതില്‍ അന്തര്‍ലീനമായിരുന്ന ഒരു വ്യത്യസ്ത ഭാവം ദാസേട്ടന്‍ മനസ്സില്‍ കുറിച്ചിരുന്നു. ഒരിക്കല്‍ ഭരണി സ്റ്റുഡിയോയുടെ ഉദ്യാനത്തില്‍ ഇരുവരും സംസാരിച്ചിരിക്കെ താന്‍ രണ്ട് കാറുകള്‍ വാങ്ങുവാന്‍ പോകുവാനെന്നെന്നും ഇതിനകം ചലച്ചിത്രമേഖലയില്‍ ഉണ്ടാക്കിയെടുത്ത ബന്ധങ്ങള്‍ വഴി സിനിമസെറ്റുകളില്‍ ടാക്സി ആയി ഓടിച്ചു വരുമാനം നേടാമെന്നും രവീന്ദ്രന്‍ ദാസേട്ടനോട് പറഞ്ഞു. ഇതുകേട്ട ദാസേട്ടന്‍ ഇതൊന്നും കലാകാരന്മാര്‍ക്ക് പറ്റിയ പണിയല്ലെന്നും സംഗീതമേഖലയില്‍ തന്നെ എന്തെങ്കിലും ചെയ്യണമെന്നും ഉപദേശിച്ചു. എന്തുകൊണ്ട് സംഗീതസംവിധാനം നോക്കികൂടാ എന്ന് ദാസേട്ടന്‍ ചോദിച്ചു. എന്നാല്‍ ഗായകനാവാന്‍ അവസരം നോക്കി അലഞ്ഞ ദുരനുഭവം മനസ്സില്‍ വെച്ച് രവീന്ദ്രന്‍ അതിന്നു ആര് തനിക്ക് അവസരം തരുമെന്ന് ചോദിച്ചു. അപ്പോള്‍ അവിടേക്ക് നടന്നുവന്ന അന്നത്തെ ഹിറ്റ്‌മേക്കര്‍ സംവിധായകന്‍ ശശികുമാറിനോട് രവി നന്നായി സംഗീതം നല്‍കുമെന്നും ചിലതൊക്കെ താനും കേട്ടുവെന്നും എന്തോ പ്രത്യേകത അവയ്ക്കുണ്ടെന്നും ഒരു അവസരം കൊടുക്കണമെന്നും പറഞ്ഞു. ഇതുകേട്ട് ഒന്നും മിണ്ടാതെനിന്ന ശശികുമാറിനോട് ഉറച്ച സ്വരത്തില്‍ ദാസേട്ടന്‍ പറഞ്ഞു "രവി സംഗീതം ചെയ്തിട്ട് പടത്തിനു എന്തേലും നഷ്ടം വന്നാല്‍ അതെത്ര ലക്ഷങ്ങള്‍ ആണേലും അത് ഞാന്‍ തന്നോളാം" എന്ന്. ദാസേട്ടന്റെ ആത്മവിശ്വാസം കണ്ട് ശശികുമാര്‍ സമ്മതം മൂളി.

ഗന്ധര്‍വനൊപ്പം രവീന്ദ്രന്‍

ശശികുമാര്‍ - സത്യന്‍ അന്തിക്കാട്

ചൂളയിലൂടെ അരങ്ങേറ്റം

അന്ന് കുളത്തൂപ്പുഴ രവി എന്ന പേരിലായിരുന്നു അദ്ദേഹം ചലച്ചിത്രമേഖലയില്‍ അറിയപ്പെട്ടിരുന്നത്. മറ്റൊരഭിപ്രായംകൂടി ദാസേട്ടന്‍ പറഞ്ഞു, കുളത്തൂപ്പുഴ രവി എന്ന പേരിനി വേണ്ട. രവി കുളത്തിലും പുഴയിലും അസ്തമിക്കേണ്ടവനല്ല, പ്രകാശിക്കേണ്ടവനാണ്. അതുകൊണ്ട് അച്ഛനുമമ്മയുമിട്ട രവീന്ദ്രന്‍ എന്ന പേരുമതി ഇനി. അങ്ങനെ കുളത്തൂപ്പുഴ രവി രവീന്ദ്രനായി. രവീന്ദ്രന്‍മാസ്റ്ററായി, രവീന്ദ്രസംഗീതമുണ്ടായി. നവരത്ന മൂവീസിന്‍റെ ബാനറില്‍ ശശികുമാര്‍ സംവിധാനം ചെയ്ത 'ചൂള' എന്ന ചിത്രത്തിലൂടെ 1979ല്‍ രവീന്ദ്രന്‍ സംഗീതസംവിധായകനായി അരങ്ങേറുന്നു. ആദ്യഗാനം രചിച്ചത് പിന്നീടു സംവിധായകായി പേരെടുത്ത സത്യന്‍ അന്തിക്കാട്. തന്‍റെ മനസിലുള്ള ഈണവുമായി സത്യനെ കാണാന്‍ സംവിധായകന്‍ ഡോക്ടര്‍ ബാലകൃഷ്ണന്റെ ക്ലിനിക്കില്‍ ചെല്ലുന്നു. എന്നാല്‍ യേശുദാസ് ആണ് സംഗീതം നല്‍കുന്നത് എന്ന് കരുതി ആവേശഭരിതനായി ഇരുന്ന സത്യന്‍ രവീന്ദ്രന്‍ എന്നാ പുതിയ ആളാണ്‌ എന്നറിഞ്ഞു കുറച്ച് നിരാശനായിരുന്നു. കൂട്ടത്തില്‍ ഈണത്തിനനുസരിച്ച് വരികള്‍ എഴുതണം എന്നുകൂടി പറഞ്ഞപ്പോള്‍ സത്യന് സമ്മതമല്ലായിരുന്നു. മലയാളിയായ രവീന്ദ്രന്‍

താന്‍ തരുന്ന വരികള്‍ ഈണമിട്ടാല്‍ മതിയെന്ന് ശഠിച്ചു. എന്നാല്‍ സത്യനെ തടഞ്ഞു നിര്‍ത്തി സ്വതസിദ്ധമായ ശൈലിയില്‍ ഘനഗംഭീരമായി ഈണം പാടിയപ്പോള്‍ സത്യന്‍ വീണു. അങ്ങനെ 'താരകേ മിഴിയിതളില്‍ കണ്ണീരുമായി..' എന്ന ആദ്യഗാനം പിറന്നു. ഈണം പാടിക്കേട്ടപ്പോഴേ ദാസേട്ടന്‍ മനസ്സില്‍ കുറിച്ചിരുന്നു. "ഇതുവരെ കേള്‍ക്കാത്ത ശൈലിയിലുള്ള ഒരീണം. എന്റെ ഹൃദയം നല്‍കിക്കൊണ്ടാണത് പാടിയത്. രവി എങ്ങനെയെങ്കിലും രക്ഷപെടണമെന്ന ആഗ്രഹമായിരുന്നു മനസ്സില്‍." അതായിരുന്നു തുടക്കം. പൂവച്ചല്‍ ഖാദര്‍ എഴുതിയ 'സിന്ദൂര സന്ധ്യക്ക് മൗനം ..' (യേശുദാസ്, എസ്. ജാനകി) എന്ന ഗാനവും ഹിറ്റായി. പൂവച്ചല്‍ എഴുതിയ 'കരാതദാഹം..' എന്ന വിരഹഗാനവും സത്യന്‍ അന്തിക്കാട് രചിച്ച 'ഉപ്പിനുപോകണ..' എന്ന കുട്ടികള്‍ പാടുന്ന പാട്ടും ആയിരുന്നു 'ചൂള'യിലെ മറ്റു ഗാനങ്ങള്‍.

പരീക്ഷണങ്ങളുടെ രവീന്ദ്രസംഗീതകാലം

മലയാളചലച്ചിത്ര സംഗീതം വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഘട്ടത്തിലായിരുന്നു രവീന്ദ്രന്‍ മാസ്റ്റര്‍ കടന്നുവരുന്നത്‌. അന്ന്യഭാഷാ ഈണങ്ങള്‍ കടംകൊണ്ടിരുന്ന ബാല്യകാലത്തില്‍ നിന്നും ദേവരാജന്‍, ബാബുരാജ്, ദക്ഷിണാമൂര്‍ത്തി, കെ. രാഘവന്‍ , എം.കെ.അര്‍ജുനന്‍ എന്നുവര്‍ മൗലികവും തനത് മലയാളിത്തവുമുള്ള ഈണങ്ങള്‍ കൊണ്ട് മലയാളചലചിത്രഗാനശാഖയെ ഒരു സുവര്‍ണ്ണകാലത്തിലൂടെ കൈപിടിച്ച് നടത്തുകയായിരുന്നു. എന്നാല്‍ ബാബുരാജിന്റെയും വലയാറിന്റെയും വിയോഗം സൃഷ്ടിച്ച വിടവ് എഴുപതുകളുടെ അവസാനം ദോഷകരമായി മാറി. കെ.ജെ. ജോയ്, ശ്യാം തുടങ്ങിയ സംഗീതസംവിധായകര്‍ പാശ്ചാത്യസംഗീതത്തിന്‍റെ സ്വാധീനം കൂടുതല്‍ ഉള്ളതും ചാടുലതാളത്തിലുള്ളതുമായ ഗാനങ്ങള്‍ കൂടുതലായി ചെയ്തുതുടങ്ങി. തനത് മലയാളശൈലിയുള്ള ഗാനങ്ങള്‍ കുറഞ്ഞുവന്നു. എന്നാല്‍ രവീന്ദ്രന്‍ മാസ്റ്റര്‍ തന്‍റെ സഹയാത്രികരായിരുന്ന ജോണ്‍സണ്‍ എം.ജി.രാധാകൃഷ്ണന്‍ എന്നിവരോടൊപ്പം മലയാളിത്തം തുളുമ്പുന്ന ഗാനങ്ങള്‍ സൃഷ്ടിച്ച് അടുത്ത രണ്ടു പതിറ്റാണ്ട് മറ്റൊരു സുവര്‍ണ്ണകാലം കൊണ്ടുവന്നു.

പ്രശസ്ത നടന്‍ ജയന്‍റെ അകാലവിയോഗം കൊണ്ട് സംഭവബഹുലമായ 1981ല്‍ ആയിരുന്നു ഒരു സംഗീതസംവിധായകന്‍ എന്ന നിലയില്‍ രവീന്ദ്രന്‍ മാസ്റ്റര്‍ മലയാളസിനിമാ സംഗീതശാഖയില്‍ അനിഷേധ്യമായ ഒരു സ്ഥാനമുണ്ടാക്കിയത്. ചിത്രം 'തേനും വയമ്പും'. ബിച്ചു തിരുമല രചിച്ച 'തേനും വയമ്പും' എന്ന ഗാനം എസ്. ജാനകിയും യേശുദാസും വെവ്വേറെ പാടി ആസ്വാദകഹൃദയം കവര്‍ന്നു. അതിലെ 'ഒറ്റക്കമ്പി നാദം..' എന്ന ഗാനം മാസ്റ്ററിലെ പരീക്ഷണങ്ങള്‍ക്ക് വെമ്പുന്ന സംഗീതഞ്ജനെ പുറത്തുകൊണ്ടുവന്നു. രണ്ടുപദം മാത്രമുള്ള വാക്കുകള്‍കൊണ്ട് പാട്ടോരുക്കുക മലയാളത്തില്‍ പതിവുള്ളതായിരുന്നില്ല അതുവരെ. എന്നാല്‍ രവീന്ദ്രന്‍ മാസ്റ്ററും ബിച്ചു തിരുമലയും ചേര്‍ന്ന് പൊളിച്ചടുക്കിയത് മലയാളത്തിലെ പല ശീലങ്ങളും ആയിരുന്നു. 'ഒറ്റ-ക്കമ്പി-നാദം-മാത്രം-മൂളും-വീണാ-നാദം' അങ്ങനെ രവീന്ദ്രന്‍ എന്ന സംഗീതസംവിധായകന്‍റെ ചരിത്രത്തിലെ ആദ്യ കയ്യൊപ്പായിരുന്നു. പ്രവചനാതീതമായ രാഗസഞ്ചാരങ്ങളിലൂടെ ലളിതസംഗീതത്തിന്റെ യാഥാസ്ഥിതിക കാഴ്ച്ചപാടുകളെയെല്ലാം ഭേദിച്ച് തുടങ്ങിയ പ്രയാണത്തിന്റെ ആദ്യപടി.

ബിച്ചു തിരുമല - പൂവച്ചല്‍ ഖാദര്‍

1980-85 കാലഘട്ടത്തില്‍ നിറയെ പരീക്ഷണങ്ങള്‍ നിറഞ്ഞതായിരുന്നു രവീന്ദ്രന്‍ മാസ്റ്ററുടെ ഗാനങ്ങള്‍. ഹംസധ്വനി രാഗത്തില്‍ സിനിമപാട്ടുണ്ടാക്കാന്‍ കഴിയില്ല എന്ന ധാരണ തിരുത്തിക്കുറിച്ച 'രാഗങ്ങളെ മോഹങ്ങളേ..', ഭക്തി നിര്‍ഭരമായ 'മകരസംക്രമ സൂര്യോദയം..', തന്‍റെ പ്രിയഗായിക സുശീലാമ്മയുടെ സ്വരത്തില്‍ വന്ന താരാട്ടുഗാനം 'ആലോലം പൂമുത്തെ..', തേനൂറുന്ന 'ദേവാങ്കനേ നീയി..', ദുഃഖം തുളുമ്പുന്ന 'സ്മൃതികള്‍ നിഴലുകള്‍..' ഫാസ്റ്റ് മെലടി 'പൂവിനുള്ളില്‍ പൂനിറയും..', അത്ഭുതമായി മാറിയ 'എഴുസ്വരങ്ങളും തഴുകിവരുന്നൊരു..', ഗാനഗന്ധര്‍വ്വനും ഭാവഗായകാനും ഒന്നിച്ച 'സമയരഥങ്ങളില്‍ ഞങ്ങള്‍..', സുന്ദരിയായ 'ഇടവാക്കായലിന്‍ അയല്‍ക്കാരി..', രതിമയമായ 'നാണമാവുന്നു മേനിനോവുന്നു..', ഉത്സാഹിയായ 'രാജീവം വിടരും..', 'ഹൃദയസഖീ നീ അരികില്‍..', ഓര്‍ക്കസ്ട്ര കൊണ്ട് ആഘോഷമാക്കിയ 'ഋതുമതിയായ് തെളിമാനം..', ശാസ്ത്രീയസംഗീതം തുളുമ്പുന്ന 'ലീലാതിലകം ചാര്‍ത്തീ..', ജയചന്ദ്രന്‍റെയും വാണി ജയറാമിന്റെയും വ്യത്യസ്തമായ യുഗ്മഗാനം 'പാലാഴിപൂമങ്കേ..', കൊയര്‍ ഗാനങ്ങളെ അനുസ്മരിപ്പിക്കുന്ന സമാന്തരആലാപനം വരുന്ന 'ഹേമന്തഗീതം..', തിളക്കമാര്‍ന്ന ഹിറ്റ്‌ ഗാനം 'സിന്ധൂ പ്രിയസ്വപ്നമഞ്ജരി..', വിരഹഗാനമായ 'താളം തെറ്റിയ താരാട്ട്..', ചിത്രയുടെ ആദ്യകാല ഹിറ്റുകളില്‍ ഒന്നായ 'ആലോലം ചാഞ്ചാടും..', പരീക്ഷണങ്ങള്‍ നിറഞ്ഞ വളരെ കുറച്ചു ഓര്‍ക്കസ്ട്ര ഉപയോഗിച്ച 'ഇല്ലിക്കാടും ചെല്ലക്കാറ്റും..', ദാസേട്ടന്റെ 'ശ്രുതിമധുരസ്വരമുണര്‍ത്തും..', മധുരമായ യുഗ്മഗാനം 'ഇനിയും വസന്തം പാടുന്നു..', മാന്ത്രികസംഗീതത്താല്‍ എല്ലാരേം ഞെട്ടിച്ച ഓ.എന്‍.വി. രചിച്ച 'പുഴയോരഴകുള്ള പെണ്ണ്..', വ്യത്യസ്തമായ താരാട്ട് 'ഓമനത്തിങ്കള്‍കിടാവോ പാടി..', രവീന്ദ്രസവിശേഷതകള്‍ നിറഞ്ഞ 'പൊന്‍പുലരൊളി പൂവിതറിയ..', പില്‍ക്കാലത്ത് ചരിത്രം സൃഷ്ടിച്ച യേശുദാസ്-ചിത്ര ജോടിയുടെ ആദ്യ ഹിറ്റ്‌ 'കണ്ണോടു കണ്ണായ..', ഹംസധ്വനി മാജിക്ക് ആവര്‍ത്തിച്ച 'മനതാരിലെന്നും..', പരീക്ഷണങ്ങള്‍ നിറഞ്ഞ 'ചിരിയില്‍ ഞാന്‍ കേട്ടു..', മാര്‍ക്കോസിന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച ഗാനമായ 'ആകാശമൌനം..', യേശുദാസ്-ലതിക സഖ്യത്തിന്റെ 'പുടവഞോറിയും പുഴതന്‍..', ഒരു ഹാര്‍മോണിയവും തബലയും മാത്രമുപയോഗിച്ച ലളിതസുന്ദരഗാനം 'ആതിരതിരുമുറ്റത്ത്..', മനോഹരങ്ങളായ 'ഇത്തിരി നാണം പെണ്ണിന..', 'ഹൃദയം ഒരുവീണയായ്..', 'നിശയുടെ ചിറകില്‍..' അങ്ങനെ നീളുന്നു പട്ടിക. പടം പുറത്തുവന്നിലെങ്കിലും ഗാനങ്ങള്‍ വളരെയധികം ആസ്വാദനമനസ്സുകളില്‍ ഇടംനേടിയ 'നീലകടമ്പി'ലെ രേവതിരാഗത്തിന്റെ സൗന്ദര്യം മുറ്റിനിന്ന 'കുടജാദ്രിയില്‍ കുടികൊള്ളും..', ചിത്രയുടെ ഏറ്റവും മികച്ചഗാനങ്ങളില്‍ ഒന്നായ 'നീലക്കുറിഞ്ഞികള്‍..', യേശുദാസ്-ചിത്ര സഖ്യത്തിന്റെ 'ദീപം കയ്യില്‍ സന്ധ്യാ..', വ്യത്യസ്തമായ ഉപകരണസംഗീതം കൊണ്ട് ശ്രദ്ധിക്കപെട്ട 'നീലക്കടമ്പുകളില്‍..' എന്നീ ഗാനങ്ങള്‍ വന്നതും ഈ കാലഘട്ടത്തില്‍ ആയിരുന്നു. 1985 ആകുമ്പോഴേക്കും മലയാളസംഗീതത്തിന്റെ ചുക്കാന്‍ രവീന്ദ്രന്‍ മാസ്റ്ററുടെ കൈകളില്‍ എത്തിയിരുന്നു.

'സുഖമോ ദേവി', 'യുവജനോത്സവം', 'ദേശാടനക്കിളി കരയാറില്ല' എന്നീ ചിത്രങ്ങളിലെ വന്‍ ജനപ്രീതി നേടിയ ഗാനങ്ങളിലൂടെ 1986ല്‍ നന്നായി തുടങ്ങിയെങ്കിലും എണ്പതുകളുടെ രണ്ടാംപാദത്തില്‍ രവീന്ദ്രന്‍ മാസ്റ്റര്‍ക്ക് സിനിമകളുടെ എണ്ണം കുറഞ്ഞുവരുന്നതാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്. 1986ല്‍ 'രസികന്‍ ഒരു രസികൈ' എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറിയിരുന്നു രവീന്ദ്രന്‍ മാസ്റ്റര്‍. മലയാളത്തില്‍ സിനിമയില്‍ പാട്ടുവേണ്ട എന്ന് നിലപാടെടുത്ത ഒരുപറ്റം സംവിധായകരും വലിയ പണം മുടക്കി ശുദ്ധസംഗീതം ഒന്നും തങ്ങളുടെ സിനിമകില്‍ ആവശ്യമില്ല എന്ന് പറഞ്ഞ മറ്റൊരുകൂട്ടം സംവിധായകരും ചേര്‍ന്നപ്പോള്‍ രവീന്ദ്രന്‍ മാസ്റ്റര്‍ക്കും യേശുദാസിനും ഒക്കെ അവസരങ്ങള്‍ നന്നേ കുറഞ്ഞു. എങ്കിലും കിട്ടിയ അവസരങ്ങളില്‍ മാസ്റ്റര്‍ മനോഹരസൃഷ്ടികള്‍ ഒരുക്കിക്കൊണ്ടിരുന്നു. മറ്റാര്‍ക്കും ചെയ്യാന്‍ കഴിയാത്ത 'സുഖമോ ദേവി..', തനത് അര്‍ദ്ധശാസ്ത്രീയ ഗാനങ്ങളെക്കാല്‍ വേഗതയേറിയ 'ശ്രീലതികകള്‍ തളിരണിഞ്ഞുലയവെ..', ആരും പ്രണയിച്ചുപോവുന്ന 'പാടാം നമുക്ക് പാടാം..', 'ഇന്നുമെന്റെ കണ്ണുനീരില്‍..', പരീക്ഷണങ്ങള്‍ നിറഞ്ഞ 'പൂവേണോ പൂവേണോ..', മലയമാരുതത്തിന്റെ കടഞ്ഞെടുത്ത സൗന്ദര്യമായ ഭാസ്ക്കരന്‍ മാസ്റ്റര്‍ രചിച്ച 'പുലര്‍ക്കാലസുന്ദര ..', ദേശ് രാഗത്തില്‍ വഴിഞ്ഞൊഴുകിയ 'ഇരുഹൃദയങ്ങളില്‍..', ഹിന്ദോളം കൊണ്ട് മനോഹരമാക്കിയ 'ചന്ദനമണിവാതില്‍ പാതിചാരി..', ചിത്രയുടെ 'കൊഞ്ചി കൊഞ്ചി മൊഴിഞ്ഞതും..' എന്നിവ ആണ് ഈ കാലഘട്ടത്തില്‍ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങള്‍. 1989തോടുകൂടി നല്ല പാട്ടുകള്‍ വരാതെയായി. ഇതില്‍ മനംനൊന്ത് യേശുദാസ് തന്‍റെ ചലച്ചിത്രജീവിതം തന്നെ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.

ലളിത സംഗീതത്തിന്‍റെ 'മാമാങ്കം'

ചലച്ചിത്രഗാനങ്ങള്‍ നാടകഗാനങ്ങള്‍ ആകാശവാണിയുടെ ലളിതഗാനങ്ങള്‍ എന്നിവയായിരുന്നു അന്നത്തെ സാധാരണമലയാളിയുടെ സംഗീതലോകം. എന്നാല്‍ യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോ വര്‍ഷാവര്‍ഷം ലളിതഗാനസമാഹാരങ്ങള്‍ ഇറക്കാന്‍ തീരുമാനിച്ചതോടെ സംഗീതപ്രേമികള്‍ക്ക് ആഘോഷനാളുകള്‍ വരവായി. 1983ല്‍ ഓണത്തിന് ശ്രീകുമാരന്‍ തമ്പിയുടെ വരികളുമായി വന്ന 'ഉത്സവഗാനങ്ങള്‍' എന്ന ക്യാസറ്റിലെ എല്ലാ ഗാനങ്ങളും ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. 'ഉത്രാടപൂനിലാവേ വാ..', 'ഒരുനുള്ളു കാക്കപൂ..' അടക്കം എല്ലാ ഗാനങ്ങളും വര്‍ഷങ്ങള്‍ ഇത്രകഴിഞ്ഞിട്ടും ഒണാഘോഷങ്ങളിലെ സ്ഥിരം സാന്നിധ്യം ആണ്. 1984ല്‍ ബിച്ചു തിരുമലയും മാസ്റ്ററും ഒന്നിച്ച 'വസന്തഗീതങ്ങള്‍' ഏറ്റവും കൂടുതല്‍ വിറ്റുപോയ ക്യാസറ്റ് (ഭക്തിഗാന ഇതര) എന്നനിലയില്‍ ചരിത്രത്തില്‍ ഇടംപിടിച്ചു. കേരളത്തില്‍ അങ്ങോളം ഇങ്ങോളം ആഞ്ഞടിച്ച തരംഗം ആയിരുന്നു അതിലെ ഓരോ ഗാനങ്ങളും. 'മാമാങ്കം പലകുറി..', 'അരയന്നമേ ആരോമലേ..', 'കായല്‍ കന്നിയോളങ്ങള്‍', 'കാലം ഒരുപുലര്‍ക്കാലം..', 'വലംപിരി ശംഖില്‍..' അങ്ങനെ എല്ലാം ഒന്നിനൊന്ന് കാതുകള്‍ക്ക് ആനന്ദം പകരുന്നവ. 1985ല്‍ ശ്രീകുമാരന്‍ തമ്പി - രവീന്ദ്രന്‍ ടീം വീണ്ടുമൊന്നിച്ച 'ഉത്സവഗാനങ്ങള്‍ വാല്യം 3' മറ്റൊരു വലിയ വിജയമായിരുന്നു. ഇതിലെ 'അതിമനോഹരം ആദ്യത്തെ ചുംബനം', 'ഉത്സവബലിദര്‍ശനം..', 'കൈവല്യരൂപനാം..' തുടങ്ങിയ ഗാനങ്ങള്‍ അതിന്‍റെ സംഗീതം കൊണ്ടും സാഹിത്യഭംഗി കൊണ്ടും ആലപനമുദ്രകൊണ്ടും മികച്ചുനിന്നു. 1992ല്‍ ശ്രീകുമാരന്‍ തമ്പി - രവീന്ദ്രന്‍ ടീം ഒരുക്കിയ 'പൊന്നോണതരംഗിണി' മികച്ച ഓണപ്പാട്ടുകള്‍കൊണ്ട് മലയാളിക്ക് വിരുന്നായി. ഇതിലെ 'മുടിപ്പൂക്കള്‍ വാടിയാലെന്‍..' മികച്ച പ്രണയഗാനങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുന്നതും 'പാതിരാമയക്കത്തില്‍..' മാഷിന്റെ സമ്പൂര്‍ണ്ണ സംഗീതസൃഷ്ടിയായും വിലയിരുത്തപെടുന്നു. 1991ല്‍ ഇറങ്ങിയ 'ആവണിത്താല'വും (രചന: ഭരണിക്കാവ് ശിവകുമാര്‍ ,ആര്‍ കെ ദാമോദരന്‍) 2004ല്‍ ഇറങ്ങിയ 'ഋതുഗീതങ്ങ'ളും (രചന: കൈതപ്രം) ആണ് തരംഗിണിക്ക് വേണ്ടി മാസ്റ്റര്‍ ചെയ്ത മറ്റ് ശ്രദ്ധേയ സമാഹാരങ്ങള്‍. ജോണിസാഗരിക പോലെ മറ്റുള്ള സംഗീത കമ്പനികള്‍ക്ക് വേണ്ടി ചെയ്ത ലളിതഗാന ക്യാസറ്റുകളും ഭക്തിഗാന ക്യാസറ്റുകളും രവീന്ദ്രസംഗീതത്താല്‍ അനുഗ്രഹീതമായിരുന്നു.


"ഞാന്‍ ചിട്ടപ്പെടുത്തുന്ന ഗാനങ്ങള്‍ ഇന്നയാള്‍ പാടണമെന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടെനിക്ക്. യേശുദാസിനെ ഒത്തുകിട്ടിയില്ലങ്കില്‍ മറ്റാരെക്കൊണ്ടെങ്കിലും പാടിക്കുക എന്ന ശീലം എനിക്കില്ല. ജയചന്ദ്രനോ, വേണുഗോപാലോ, ബിജുനാരായണനോ എനിക്കുവേണ്ടി പാടിയിട്ടുണ്ടെങ്കില്‍, ആ പാട്ടുകള്‍ ഞാന്‍ അവരെ ഉദ്ദേശിച്ച് ചിട്ടപ്പെടുത്തിയവതന്നെയാണ്."

പുത്രീതുല്യയായ ചിത്ര


രവീന്ദ്രന്‍ മാസ്റ്ററുടെ പെണ്പാട്ടുകള്‍ ബഹുഭൂരിപക്ഷവും ആലപിച്ചത് കെ.എസ്.ചിത്രയായിരുന്നു. ചിത്രയുടെ വളര്‍ച്ചയില്‍ ഏറ്റവും വലിയ പങ്കുവഹിച്ചവരില്‍ ഒരാളാണു രവീന്ദ്രന്‍ മാസ്റ്റര്‍. ചിത്രയെ ആദ്യമായി മദ്രാസിലേക്കു കൊണ്ടുപോയതും രവീന്ദ്രനായിരുന്നു. അന്ന് രവീന്ദ്രന്‍ മാഷിന്റെ വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ചിത്രയോടു അദ്ദേഹം പറഞ്ഞു:"ഇനി നീ ട്രെയിനില്‍ കയറിയാവില്ല മദ്രാസിനു വരുന്നത്‌. വിമാനത്തിലായിരിക്കും ഇനി നിന്റെ യാത്രകള്‍. ആ വാക്കുകള്‍ അധികം നാളുകള്‍ കഴിയുന്നതിനു മുന്‍പു തന്നെ യാഥാര്‍ഥ്യമായി. ചിത്ര മലയാളത്തില്‍ പാടിയ മികച്ച ഗാനങ്ങള്‍ ഭൂരിപക്ഷവും രവീന്ദ്രന്‍ മാസ്റ്ററുടെതായിരുന്നു. 'പുലര്‍ക്കാലസുന്ദര സ്വപ്ന'വും 'പത്തുവെളുപ്പി'നും,'അറിവിന്‍ നിലാവും' 'വാര്‍മുകിലെ വാനില്‍ നീ'യും 'കാര്‍മുകില്‍ വര്‍ണ്ണ'നും ഒക്കെയായി ആ പട്ടിക വലുതാണ്‌. മാസ്റ്റര്‍ക്ക് മകലെപ്പോലെയായിരുന്നു ചിത്ര. ആലാപനത്തില്‍ എല്ലാ സ്വാതന്ത്ര്യവും ചിത്രയ്ക്ക് മാസ്റ്റര്‍ നല്‍കിയിരുന്നു. തന്‍റെ അവസാന ഗാനം 'കളഭം തരാം' എന്ന ഗാനത്തിന്‍റെ ആദ്യം വരുന്ന ഹമ്മിംഗ് ചിത്രയുടെ ഇഷ്ടത്തിനു പാടിക്കൊള്ളാന്‍ പറഞ്ഞത് ഉദ്ദാഹരണം.


51 അക്ഷരങ്ങളും 7 സ്വരങ്ങളും ഇഴചേരുമ്പോള്‍


വയലാര്‍-ദേവരാജന്‍, ശ്രീകുമാരന്‍ തമ്പി - ദക്ഷിണാമൂര്‍ത്തി, പി.ഭാസ്കരന്‍ - ബാബുരാജ് കൂട്ടുകെട്ടുകള്‍ പോലെ മാസ്റ്ററുടെ പേരിനൊപ്പം ഗാനരചയിതാക്കള്‍ ഒന്നും ഇല്ല.പക്ഷേ അത് എണ്ണത്തില്‍ മാത്രം. ഏതു ഗാനരചയിതാവുമായിട്ട് പ്രവര്‍ത്തിച്ചാലും അവരുമായി ആഴമേറിയ ഒരാത്മബന്ധം സ്ഥാപിക്കുവാന്‍ മാസ്റ്റര്‍ക്ക് കഴിയാറുണ്ട്. ഓരോ കാലഘട്ടത്തിലും ഓരോരുത്തരുമായിട്ടായിരുന്നു കൂട്ടുകെട്ട്. ആദ്യകാലത്ത് പൂവച്ചല്‍ ഖാദറും ബിച്ചു തിരുമലയും ആയിരുന്നു. തൊണ്ണൂറുകളില്‍ കൈതപ്രം ആയി കൂടുതല്‍ സിനിമകളില്‍. തൊണ്ണൂറുകളുടെ ഒടുക്കം മുതല്‍ മരണം വരെ ഗിരീഷ്‌ പുത്തഞ്ചേരി. സംഗീതം ഒരിക്കലും വരികളെ അപ്രസക്തമാക്കിക്കൂടായെന്ന വിശ്വാസക്കാരനായിരുന്നു രവീന്ദ്രന്‍ - കാവ്യഗുണമുള്ള വരികളാണെങ്കില്‍ പ്രത്യേകിച്ചും. ഒ.എന്‍.വി.യുടെ കവിതകളാണ് താന്‍ ഏറ്റവും ആസ്വദിച്ചു ചിട്ടപ്പെടുത്തിയിട്ടുള്ളതെന്ന് മാസ്റ്റര്‍തന്നെ ഒരിക്കല്‍ പറഞ്ഞു. പി. ഭാസ്ക്കരന്‍ , ശ്രീകുമാരന്‍ തമ്പി, കാവാലം നാരായണപ്പണിക്കര്‍, യൂസഫലി കേച്ചേരി, ഓ.വി ഉഷ, കെ.ജയകുമാര്‍ എന്നിവരുമായിട്ടുള്ള ഒത്തുചേരലില്‍ നമുക്കത് ബോധ്യമാകും. ഭരണിക്കാവ് ശിവകുമാര്‍, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, ദേവദാസ്, മുല്ലനേഴി, പി.കെ. ഗോപി, എഴാച്ചേരി രാമചന്ദ്രന്‍, പഴവിള രമേശന്‍, ചുനക്കര രാമന്‍കുട്ടി, ആര്‍.കെ. ദാമോദരന്‍, എസ്. രമേശന്‍ നായര്‍, മധു ആലപ്പുഴ, സത്യന്‍ അന്തിക്കാട്, വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, ബി.ആര്‍. പ്രസാദ്‌ തുടങ്ങി ഒരുപാട് പേരോടൊപ്പം ഹിറ്റുകള്‍ ഒരുക്കാന്‍ മാസ്റ്റര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 'ആഹ മനോരഞ്ജിനി സുരാംഗനി..', 'ശാരി മേരി രാജേശ്വരി..' എന്നീ രണ്ടു പാട്ടുകളുടെ വരികള്‍ അദ്ദേഹം സ്വയം എഴുതിയതാണ്. വരികളെഴുതിയ ശേഷം ഈണമിടാനും ഈണമിട്ട ശേഷം വരികള്‍ എഴുതുന്ന രീതിയും മാസ്റ്റര്‍ക്ക് ഒരുപോലെ വഴങ്ങും.

ജനപ്രിയമായ തിരിച്ചുവരവ്

1990 മലയാളച്ചലചിത്രഗാനശാഖയുടെ തിരിച്ചുവരവിന്‍റെ വര്‍ഷമായിരുന്നു. രവീന്ദ്രന്‍ മാസ്റ്റര്‍ തിരിച്ചുവന്നു, യേശുദാസ് തിരിച്ചുവന്നു, ശുദ്ധസംഗീതം തിരിച്ചുവന്നു. മോഹന്‍ലാല്‍ നിര്‍മ്മിച്ച 'ഹിസ്‌ ഹൈനസ്സ് അബ്ദുള്ള' എന്ന ചിത്രത്തിലെ അര്‍ദ്ധശാസ്ത്രീയ സ്വഭാവമുള്ള ഗാനങ്ങളെല്ലാം ഒന്നിനൊന്ന് മണിമുത്തുകളായിരുന്നു. യേശുദാസ് എന്ന മഹാഗായകന്റെ എല്ലാ കഴിവും ഉപയോഗിച്ച 'പ്രമദവനം..', ശണ്മുഖപ്രിയയുടെ സൗന്ദര്യം മുറ്റിനില്‍ക്കുന്ന 'ഗോപികാവസന്തം..', മലയാളം കണ്ട ഏറ്റവും മികച്ച രാഗമാലിക (സാങ്കേതികമായും ജനപ്രീതികൊണ്ടും) 'ദേവസഭാതലം..', എം.ജി.ശ്രീകുമാറിന് ദേശീയപുരസ്കാരം നേടിക്കൊടുത്ത 'നാദരൂപിണി..', ഉത്തരേന്ത്യന്‍ ഹിന്ദുസ്ഥാനി സംഗീതം തനിക്ക് നല്ലപോലെ വഴങ്ങും എന്ന് തെളിയിച്ച 'തൂബഡി മാഷാ അള്ളാ..' എന്നിവ മലയാളികള്‍ ഒന്നടങ്കം നെഞ്ചേറ്റി. രവീന്ദ്രന്‍ മാസ്റ്ററുടെ സംഗീതശൈലിയ്ക്കും ചിലമാറ്റങ്ങള്‍ വന്നിരുന്നു ഇതില്‍. അനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടു കുറച്ചൂടി ഇരുത്തം വന്ന സംഗീതം. പരീക്ഷണങ്ങള്‍ ഇത്തിരി കുറച്ച്, കൂടുതല്‍ ജനപ്രിയ ചേരുവകള്‍ ചേര്‍ത്ത്, ഓര്‍ക്കസ്ട്രയുടെ ഉപയോഗത്തില്‍ കുറച്ചൂടി ഔചിത്യം വരുത്തി രവീന്ദ്രന്‍ മാസ്റ്റര്‍ ഹിറ്റ്‌ ചിത്രങ്ങളുടെ ഫോര്‍മുലയുടെ ഭാഗമാവുകയായിരുന്നു. ഈ വര്ഷം തന്നെ വന്ന 'ലാല്‍ സലാം', 'ഏയ്‌ ഓട്ടോ' എന്നിവയും ജനമനസ്സുകളില്‍ ഇടംപിടിച്ചു. 1990-95 കാലഘട്ടം രവീന്ദ്രന്‍ മാസ്റ്ററുടെ സ്വന്തം ആയിരുന്നു. 1991 ഹിറ്റുകളുടെയും നേട്ടങ്ങളുടെയും ഘോഷയാത്രയായിരുന്നു. മോഹന്‍ലാല്‍ നിര്‍മ്മിച്ച 'ഭരതം' രവീന്ദ്രന്‍ എന്ന സംഗീതകാരന്റെ ആഴം വെളിവാക്കുന്ന ഒന്നായിരുന്നു. അതിലെ 'രഘുവംശപതേ..', 'ശ്രീവിനായകം നമാമ്യകം..' എന്നീ കീര്‍ത്തനങ്ങള്‍ കര്‍ണ്ണാടക സംഗീതത്തിലെ ഉത്തുംഗ സൃഷ്ടികളോട് കിടപിടിക്കുന്നവയാണ്. സോപാനസംഗീതത്തിന്‍റെ ചുവടുപിടിച്ചു ഒരുക്കിയ 'ഗോപാംഗനെ ആത്മാവിലെ..', ശുഭപന്തുവരാളിയില്‍ തീര്‍ത്ത നൊമ്പരമുണര്‍ത്തുന്ന 'രാമകഥ ഗാനലയം..' (യേശുദാസിന് ദേശീയപുരസ്കാരം നേടിക്കൊടുത്ത ഗാനം) എന്നീ അര്‍ദ്ധശാസ്ത്രീയ ഗാനങ്ങളും ശ്രദ്ധേയമായി. രവീന്ദ്രന്‍ മാസ്റ്റര്‍ക്ക് ആദ്യമായി സംസ്ഥാന പുരസ്കാരവും ദേശീയപുരസ്കാര ജൂറിയുടെ പ്രത്യേക പരാമര്‍ശവും നേടിക്കൊടുത്തു ഭരതം. മോഹന്‍ലാല്‍ നിര്‍മ്മിച്ച 'കമലദള'വും കൈതപ്രം- രവീന്ദ്രന്‍ സഖ്യത്തിന്‍റെ അര്‍ദ്ധശാസ്ത്രീയ ഗാനങ്ങളാല്‍ മനോഹരമായിരുന്നു. 'സാന്ദ്രമാം മൌനത്തില്‍..', 'ആടി ദ്രുതപത താളം..', 'പ്രേമോദാരനായ് അണയൂ..', 'സുമുഹൂര്‍ത്തമ..', 'ഹേ ഘനശ്യാമമോഹന..', 'സൌപര്‍ണികാമൃത വീചികള്‍..', 'നിറങ്ങളെ പാടൂ..', 'അഴകേ നിന്‍ ..', 'വികാര നൗകയുമായ്‌..', 'പത്തുവെളുപ്പിന്..', 'ആറാട്ടുകടവിങ്കല്‍..', 'ഒത്തിരിയൊത്തിരി മോഹങ്ങള്‍..', 'പൊയ്കയില്‍ കുളിര്‍..', 'അറിവിന്‍ നിലാവേ..', 'തുളസീമാലയിതാ..', 'മിണ്ടാത്തതെന്തേ..', 'ആദ്യവസന്തമേ..', 'കസ്തൂരി എന്‍റെ..', 'രാമായണകാറ്റേ..', 'കണ്ടു ഞാന്‍..', 'ചീരപൂവുകള്‍ക്കുമ്മ..', 'ആനക്കെടുപ്പതു പൊന്നുണ്ടേ..', 'നാട്ടുപച്ചകിളിപ്പെണ്ണേ..', 'യാത്രയായ് വെയ്ലൊളി..', 'ഏതോ കിളിനാദമെന്‍..', 'ആലിലമഞ്ചലില്‍ ..', 'തംബുരു കുളിര്‍..', 'മകളേ പാതി മലരേ..', 'കളിപാട്ടമായ് കണ്മണീ...', 'മൊഴിയഴകും മിഴിയഴകും..', 'ആഹാ മനോരഞ്ജിനി', 'പനിനീരുമായ് പുഴകള്‍..', 'സോമസമവദനെ..', 'നിഴലായ് ഓര്‍മ്മകള്‍..', 'കണിക്കൊന്നകള്‍..', 'എന്തിന് വേറൊരു സൂര്യോദയം..', 'ആത്മാവിന്‍ പുസ്തക..', 'എന്നിട്ടും നീ പാടീലല്ലോ..' അങ്ങനെ ഒന്നിനുപുറകെ ഒന്നായി മികച്ച ഗാനങ്ങള്‍ പുറത്തുവന്നു.

ആത്മാവിന്‍ രാഗങ്ങള്‍

1995നുശേഷം സിനിമാഗാനങ്ങള്‍ ഒരുപാട് മാറ്റങ്ങള്‍ വന്നുതുടങ്ങിരുന്നു. എ.ആര്‍. റഹ്മാന്‍ സ്വാധീനം മലയാളത്തിലും പ്രതിഫലിച്ചു. ഫാസ്റ്റ് ഗാനങ്ങള്‍ കൂടുതലായി വന്നുതുടങ്ങി. എന്നാല്‍ എപ്പോഴൊക്കെ തനതുമലയാള ഗാനങ്ങള്‍ക്ക് വേണ്ടി മലയാളി ആഗ്രഹിച്ചോ അപ്പോഴൊക്കെ സുന്ദരഗാനങ്ങളുമായി രവീന്ദ്രന്‍ മാസ്റ്റര്‍ വന്നിരുന്നു. 'ഹരിമുരളീരവം...', 'ആടി തൊടിയിലേതോ..', 'മൂവന്തിതാഴ്വരയില്‍..', 'മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ..', 'മാനെ മലരമ്പന്‍..', 'ഏതോ നിദ്രതന്‍..', 'കുപ്പിവള കിലുകിലെ..', 'കടലറിയില്ല കരയറിയില്ല..', 'കള്ളന്‍ ചക്കയിട്ടു..', 'ശോകമൂകമായ്..', 'പുലരിനിലാവ്..', 'തുളുമ്പും കണ്ണുകളില്‍..', തുടങ്ങി രവീന്ദ്രസ്പര്‍ശമേറ്റ ഒരുപിടി നല്ല ഗാനങ്ങള്‍ ഈ കാലഘട്ടത്തില്‍ നമുക്ക് ലഭിച്ചു.

2000ന് ശേഷം പാട്ടുകള്‍ കൂടുതല്‍ 'അടിപൊളി'യാവുകയായിരുന്നു. ജോണ്‍സണ്‍ അടക്കം പലരും സംഗീതസംവിധാനം തന്നെ നിര്‍ത്തി. പലര്‍ക്കും പിടിച്ചുനില്‍ക്കാന്‍ തങ്ങളുടെ ശൈലി മാറ്റേണ്ടി വന്നു. അപ്പോഴൊക്കെ രവീന്ദ്രന്‍ മാസ്റ്റര്‍ നിവര്‍ന്നുനിന്നുകൊണ്ടുതന്നെ തന്‍റെ സംഗീതസപര്യ തുടര്‍ന്നു. താളനിബിടമായ പാട്ടുകള്‍ക്കിടയില്‍ നിന്നും ഒരു നല്ല ഗാനത്തിന് വേണ്ടി ആഗ്രഹിച്ച സംഗീതപ്രേമികള്‍ക്ക് വേനലില്‍ കുളിര്‍മഴയെന്നപോലെ മാസ്റ്റര്‍ ഗാനങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. 'വാര്‍മുകിലെ വാനില്‍നീ..', 'ആരാദ്യം പറയും..', 'ആഷാഢം പാടുമ്പോള്‍..', 'ഇത്രമേല്‍ മണമുള്ള..', 'കാക്കപ്പോ കന്നിപ്പൂ..', 'ദീനദയാലോ രാമാ..', 'മനസ്സിന്‍ മണിചിമിഴില്‍..', 'പേരറിയാം മകയിരം..', 'രാവില്‍ ആരോ..', 'യേശു നായകാ..', 'അരുവികളുടെ കളമൊഴികളില്‍..', 'ഏകാകിയാം നിന്‍റെ..', 'പറയാത്ത മൊഴികള്‍..', 'പൂത്തുമ്പീ..', 'മായം ചൊല്ലും മൈനേ..', 'മൗലിയില്‍ മയില്‍‌പീലി..', 'ഗോപികേ ഹൃദയമൊരു..', 'ശ്രീലവസന്തം..', 'മനസ്സില്‍മിഥുനമഴ..', 'ആരും ആരും കാണാതെ..', 'അമ്മക്കിളിക്കൂടിത്തില്‍..', 'ഹൃദയഗീതമായ് കേള്‍പ്പൂ ..', 'വെണ്ണക്കല്‍ കൊട്ടാരവാതില്‍..', 'എന്തിനായ് നിന്‍..', 'ഓമനേ തങ്കമേ..', 'ആലിലത്താലിയുമായ് വരൂ..', 'വാര്‍മഴവില്ലേ..', 'മദനപതാകയില്‍..', 'പാതിമായും ചന്ദ്രലേഖെ..', 'കളഭം തരാം..', 'ഗംഗേ..തുടിയില്‍..', 'പാഹിപരംപൊരുളെ..', 'തത്തക തത്തക..', 'ഹേമാംബരി..' അങ്ങനെ മികച്ച ഗാനങ്ങള്‍ തന്നിട്ടാണ് രവീന്ദ്രന്‍ മാസ്റ്റര്‍ നമ്മെ വിട്ടുപോയത്.

ക്വാണ്ടിറ്റിയെക്കാള്‍, ക്വാളിറ്റി നോക്കുന്ന സംഗീത സംവിധായകനായിരുന്നു രവീന്ദ്രന്‍ മാസ്റ്റര്‍. തനിക്ക് എന്തെങ്കിലും സംഭാവനചെയ്യാന്‍ സാധ്യതയുള്ള ചിത്രങ്ങളേ മാസ്റ്റര്‍ സ്വീകരിക്കുമായിരുന്നുള്ളൂ, മിക്കപ്പോഴും. പെര്‍ഫെക്ഷന്‍, രവീന്ദ്രസംഗീതത്തിന്റെ മുഖമുദ്രയാണ്. അതിസൂക്ഷ്മമായ വിശകലനം ഓരോ ഗാനത്തിനു പിന്നിലുമുണ്ടാകും. തട്ടാന്‍ പൊന്നുരുക്കി അതിമനോഹരമായ ആഭരണങ്ങളുണ്ടാക്കുന്നതുപോലെയാണ് ഓരോ ഗാനവും മാസ്റ്റര്‍ ചിട്ടപ്പെടുത്തുന്നത്. എന്തെല്ലാം മിനുക്കുപണികള്‍ ഇനിയും ചെയ്യാമെന്ന ചിന്തയിലായിരിക്കും മറ്റു കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴും അദ്ദേഹത്തിന്റെ മനസ്സ്.

ഇനിയുമൊരു രവീന്ദ്രന്‍ , അല്ലെങ്കില്‍ അതുപോലെ ഒരാള്‍ വരണമെന്നില്ല . അത് കാലം തെളിയിക്കേണ്ട ഒരു കാര്യമാണ്. മലയാളിക്ക് വേണ്ടതില്‍ അധികം സ്വരാമൃതം രവീന്ദ്രന്‍ എന്ന പ്രതിഭ നല്‍കിക്കഴിഞ്ഞു. അവനു ഒരു വിഷമമേയുള്ളൂ . ഇനിയും പെയ്തൊഴിയാതെ അകന്നു പോയ രാഗമേഘങ്ങളില്‍ എത്ര സ്വരമധുരം നിറച്ചു വച്ചിരുന്നിരിക്കും? ആ രാഗമഴ നനയാന്‍ ഉള്ള ഭാഗ്യമില്ലാതെ പോയത് മാത്രമാണ് രവീന്ദ്രന്‍ എന്ന മഹാപ്രതിഭയുടെ വിയോഗത്താല്‍ മലയാളിക്ക് നഷ്ടമായത്. ചന്ദനമണിവാതില്‍ തുറക്കുമ്പോള്‍ പ്രമദവനത്തില്‍ ആ കിളി പാട്ട് മൂളുന്നുണ്ടാകും .. എവിടെയോ