ജീവിതചരിത്രം

പുഴയും മലയും കാടുമൊരുമിക്കുന്ന അപൂര്‍വപ്രകൃതിയില്‍, സൂര്യസ്പര്‍ശമെല്‍ക്കുന്ന വിഭാതവും ശ്യാമനിര്‍ഭരമായ സായാഹ്നവും നിത്യസംഗീതത്തിന്റെ നിലാസാധകമൊരുക്കുന്ന കുളത്തൂപ്പുഴ എന്ന കൊല്ലം ജില്ലയിലെ മലയോരഗ്രാമത്തില്‍ 1943 നവംബര്‍ 9ന് കല്ലുവെട്ടാംകുഴിയില്‍ വേലായുധന്‍ മാധവന്റെയും പാര്‍വതിലക്ഷ്മിയുടെയും ഏഴാമത്തെ മകനായി ജനനം. സാമ്പത്തികമായി ഇടത്തരം കുടുംബമായിരുന്നെങ്കിലും വലിയൊരു കുടുംബത്തെ സംരക്ഷിക്കാന്‍ നന്നേ പാടുപെട്ടിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ രവി സംഗീതത്തില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. കുളത്തൂപ്പുഴ സര്‍ക്കാര്‍ സ്കൂളിലും ഏരൂര്‍ ഹൈസ്കൂളിലുമായി ഔപചാരിക വിദ്യാഭാസം.

വീട്ടില്‍ അച്ഛന്‍ നന്നായി പാടുമായിരുന്നു. പ്രത്യേകിച്ചും ത്യാഗരാജഭാഗവതരുടെ ഭക്തിഗാനങ്ങള്‍ രവിയിലെ സംഗീതകാരനെ രൂപപ്പെടുത്തി. വൈകുന്നേരങ്ങളില്‍ തീരത്തണയുന്ന വഞ്ചിപ്പാട്ടുകളും മുത്തശ്ശന്‍റെ പാണന്‍ പാട്ടീണങ്ങളും രവിയില്‍ സ്വാധീനം ചെലുത്തി. സ്കൂളില്‍ യുവജനോത്സവങ്ങളില്‍ സമ്മാനം വാങ്ങിക്കുയും ചെയ്തിരുന്നു രവി.

ഹൈസ്കൂള്‍ പഠനശേഷം മകനെ പട്ടാളത്തിലയയ്ക്കാന്‍ താല്പ്പര്യപെട്ടിരുന്നു അച്ഛന്‍. എന്നാല്‍ സംഗീതത്തിന്റെ ലോകത്തില്‍ നിന്നും തന്നെ പറിച്ചുനടാനാവില്ലെന്ന് വീട്ടുകാരെ ബോധ്യപ്പെടുത്തി രവി. അങ്ങനെ 1960ല്‍ തിരുവനന്തപുരം സംഗീതകോളേജില്‍ പ്രവേശനത്തിനായുള്ള അപേക്ഷ രവി സമര്‍പ്പിക്കുന്നു. കുടുംബത്തിലേറെ കഷ്ടപാടുള്ള സമയം ആയിരുന്നു അത്. ഭാഗ്യവശാല്‍ ജ്യേഷ്ഠന്‍ ത്യാഗരാജന് തിരുവനന്തപുരത്ത് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ ജോലികിട്ടിയത് ഈ സമയത്താണ്.

ശെമ്മാംകുടി ശ്രീനിവാസയ്യര്‍ ആയിരുന്നു അന്ന് സംഗീതകോളേജ് പ്രിന്‍സിപ്പാള്‍. പ്രവേശനദിവസം ഒരു വര്‍ണ്ണം പാടാന്‍ ആണ് രവിയോട് അദ്ദേഹം ആവശ്യപെട്ടത്‌. സംഗീതത്തിന്റെ ബാലപാഠങ്ങള്‍ മാത്രം കൈമുതലായി ഉണ്ടായിരുന്ന രവി കൂസലില്ലാതെ വര്‍ണ്ണമാണോ എന്നുപോലും നോക്കാതെ ഒരു പാട്ട് പാടി. പിറ്റേന്ന് ശെമ്മാങ്കുടിയെ നേരിട്ടുകാണാന്‍ ദൂതന്‍ വന്നു പറഞ്ഞു. 'നിന്റെ പാട്ടിന്റെ മഹത്വം കൊണ്ടല്ല, നിന്റെ തന്റേടം ആണ് എന്നെ ആകര്‍ഷിച്ചത്. നിനക്കിവിടെ പഠിക്കാം." അദ്ദേഹം ഉണര്‍ത്തിച്ചു. അങ്ങനെ ജ്യേഷ്ഠന്റെ തണലില്‍ അദ്ദേഹം സംഗീതപഠനം ആരംഭിച്ചു. യേശുദാസ്, നെയ്യാറ്റിന്‍കര വാസുദേവന്‍, എം.ജി. രാധാകൃഷ്ണന്‍ തുടങ്ങിയ പ്രഗല്‍ഭര്‍ അന്ന് രവിയുടെ സീനിയര്‍ ആയി പഠിച്ചിരുന്നു. ജ്യേഷ്ഠന്റെ വരുമാനം എല്ലാറ്റിനും തികയാതെ വന്നപ്പോള്‍ രവി കഴക്കൂട്ടം ആശാന്‍ മെമ്മോറിയല്‍ അസോസിയേഷനില്‍ പ്രധാന പാട്ടുകാരന്‍ ആയി അമ്പലങ്ങളില്‍ വില്ലടിച്ചാന്‍ പാട്ട് നടത്താന്‍ പോയി ചെറിയ വരുമാനം കണ്ടെത്തിയിരുന്നു.

കോളേജിലെ കുസൃതിക്കാരനും തമാശക്കാരനും ആയിരുന്നു രവി. സ്വന്തമായി എഴുതി ഈണമിട്ട തമാശപ്പാട്ടുകള്‍ പാടുകയും ചെയ്യുമായിരുന്നു. പിന്നീട് ചലച്ചിത്രത്തില്‍ ഉപയോഗിച്ച 'ശാരി മേരി രാജേശ്വരി..' എന്നാ ഗാനമൊക്കെ ഇക്കാലഘട്ടത്തില്‍ പിറന്നവയാണ്. അക്കാലങ്ങളില്‍ കലാനിലയം കൃഷ്ണന്‍നായരുടെയും കിളിമാനൂര്‍ കുഞ്ഞിക്കുട്ടന്റെയും നാടകങ്ങളില്‍ സ്ഥിരമായി ഗാനങ്ങള്‍ ആലപിച്ചിരുന്ന രവി സിനിമയില്‍ ഗായകനായി പേരെടുക്കണം അതിനായി മദിരാശിയില്‍ പോകണം എന്നൊക്കെ ആഗ്രഹിച്ചുതുടങ്ങി. 1967ല്‍ ഗാനഭൂഷണവും ഗാനപ്രവീണും പാസ്സായി അദ്ദേഹം. മദിരാശിയില്‍ പോകുവാന്‍ പണം സമ്പാദിക്കാന്‍ കാമുകറ പുരുഷോത്തമന്റെ നേതൃത്വത്തില്‍ ഒരു കലാപരിപാടി സംഘടിപ്പിക്കുകയും അങ്ങനെ മദിരാശിയിലേക്ക് വണ്ടികയറുകയും ചെയ്തു. അവിടുന്ന്‍ പാട്ടുകാരനാവാന്‍ ഒട്ടേറെ അലഞ്ഞതും, ഗായകനായി നിലനില്‍പ്പില്ല എന്നുമാനസ്സിലാക്കി ഡബ്ബിംഗ് മേഖയലില്‍ എത്തിപെട്ടതും പിന്നീട് സംഗീതസംവിധായകനായതും മലയാള സിനിമാസംഗീതം രവീന്ദ്രനു ചുറ്റും കറങ്ങുന്ന കാലം വന്നതുമെല്ലാം ചരിത്രം.

പ്രണയവിവാഹമായിരുന്നു രവീന്ദ്രന്‍ മാഷിന്റെത്. 1974ല്‍ തന്‍റെ നാട്ടുകാരിയായ ശോഭനയെ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നു സ്വന്തമാക്കുകയായിരുന്നു. സാജൻ,നവീൻ, രാജൻ എന്നീ മൂന്നുമക്കളും ഈ ദമ്പതികള്‍ക്ക് പിറന്നു. സ്വന്തം ജീവിതത്തില്‍ ചിട്ടകള്‍ ഒന്നും ഇല്ലായിരുന്നു തനി നാടനായ മാസ്റ്റര്‍ക്ക്. അദ്ദേഹത്തിന്റെ ഭക്ഷണപ്രിയം പ്രസിദ്ധമാണ്. വല്യ ആതിഥേയ പ്രിയനായിരുന്ന മാസ്റ്റര്‍ ആര് വീട്ടില്‍ വന്നാലും വിഭവസമൃദ്ധമായ ഭക്ഷണം കൊണ്ട് സല്‍ക്കരിക്കുക നിര്‍ബന്ധം ആയിരുന്നു. കൂടെ കൂടെ വീടുമാറുന്ന സ്വഭാവം രസകരമാണ്. പുതിയ വീട്ടിലേക്ക് മാറി സ്വന്തം ചിലവില്‍ മോടിപിടിപ്പിച്ചു ഏറെക്കഴിയും മുന്പ് അവിടുന്ന് മാറും അദ്ദേഹം. രവീന്ദ്രന്‍റെ മേല്‍വിലാസം എഴുതാന്‍ ഒരു ബുക്ക്‌ തന്നെ വേണം എന്ന് പലരും പറയുമായിരുന്നു. 

സുഹൃദ് സദസ്സിലെ രസികനും ആയിരുന്നു മാസ്റ്റര്‍. വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നതിലും പാചക പരീക്ഷണങ്ങളിലും അദ്ദേഹം തല്‍പ്പരന്‍ തന്നെ. മറ്റുള്ളവരെ അഭിനന്ദിക്കുന്നതില്‍ ഒട്ടും പിശുക് കാണിച്ചിരുന്നില്ല മാസ്റ്റര്‍. ഗാനം നല്ലരീതിയില്‍ ആലപിച്ചു കഴിഞ്ഞാല്‍ ഗായകരെ നന്നായി അഭിനന്ദിച്ചിരുന്നു അദ്ദേഹം. രമേശ്‌ നാരായണന്‍റെ 'പറയാന്‍ മറന്ന പരിഭവങ്ങള്‍..' കേട്ടപ്പോള്‍ ചിത്രയുടെ കയ്യില്‍ നിന്നും ഫോണ്‍ നമ്പര്‍ വാങ്ങി രാത്രി ഏറെ വൈകി വിളിച്ചു അഭിനന്ദിച്ചതും മറക്കാനാവില്ല. മഴയിലെ 'വാര്‍മുകിലെ..' എന്നാ ഗാനം സ്വന്തം വീട്ടില്‍ വെച്ച് ചിത്രയെക്കൊണ്ട് റെക്കോര്‍ഡ്‌ ചെയ്യിച്ചശേഷം അത് അപ്പോള്‍ തന്നെ ഗാനരചയിതാവ് യൂസഫലി കേച്ചേരിയെ വിളിച്ച് കേള്‍പ്പിച്ച് 'കേട്ടോ എന്‍റെ മോള്‍ പാടിയത്' എന്ന് പറഞ്ഞത് ചിത്ര വികാരനിര്‍ഭരമായി ഓര്‍ത്തത്‌ നമ്മള്‍ കണ്ടതാണ്.

ഗ്രാമജീവിതത്തിന്റെ എല്ലാ പരുക്കന്‍ഭാവങ്ങളോടെയും നിഷ്‌കളങ്കതയോടെയും നഗരത്തിന്റെ ഭാഗമാകുകയായിരുന്നു രവീന്ദ്രന്‍. തന്റേതായ ശൈലിയില്‍ ജീവിച്ച് തനിക്കു ശരിയെന്നു തോന്നുന്ന വഴികളിലൂടെ നെഞ്ചുവിരിച്ചു നടന്നുപോയ ഒരു അസാധാരണ മനുഷ്യന്‍. ഒടുവില്‍ നിലയ്ക്കാത്ത ഈണങ്ങളുടെ കൂട്ടിൽ നിന്ന് വിധി തൊണ്ടയില്‍ അര്‍ബുദമായി വന്ന് 2005 മാര്‍ച്ച് 3ന് ഈ ലോകത്തില്‍ നിന്നും കൂട്ടികൊണ്ടുപോയപ്പോള്‍ ആര്‍ക്കും നികത്താനാവാത്ത ഒരു വിടവാണ് അവശേഷിച്ചത്.